“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 6, 2020

പൊതിഞ്ഞുകെട്ടിയത്


  വർഷങ്ങൾക്കു മുൻപൊരു ദിവസം, രാവിലെതന്നെ ഉറക്കമുണർന്ന ഞാൻ ആശുപത്രി മുറിയുടെ മേൽത്തട്ട് നോക്കി കിടക്കുകയാണ്. ചുറ്റുപാടും തമിഴിന്റെ ഒച്ചയും ഗന്ധവും നിറഞ്ഞിരിക്കുന്നു. ഗാന്ധിജയന്തി ദിവസം ആശുപത്രിയിൽ അഡ്‌മിറ്റ് ആയതിനാൽ അന്ന് ഒക്റ്റോബർ നാലാം തീയതി ആണെന്ന് എനിക്കറിയാം. ഓപ്പറേഷൻ തീരുമാനിച്ച ദിവസമായതിനാൽ ഇന്നുരാവിലെ ഭക്ഷണം പാടില്ലയെന്ന് തലേദിവസം‌തന്നെ സിസ്റ്റർമാർ വന്ന് തമിഴും ഇംഗ്ലീഷും കലർത്തിയിട്ട് ഓർമ്മിപ്പിച്ചതാണ്. മലയാളം അറിയാമെങ്കിലും ഒരക്ഷരവും പറയില്ലെന്ന വാശിയാണവർക്ക്,, ഭാഷ ഏതായാലും പറയുന്നത് മനസ്സിലായാൽ മതിയല്ലോ,,
     പെട്ടെന്ന് രണ്ട് സിസ്റ്റർ‌മാർ എന്തൊക്കെയോ പേശിക്കൊണ്ട് അകത്തേക്ക് എന്റെ സമീപം വന്നണഞ്ഞു. ടെമ്പറേച്ചറും പ്രഷറും കണ്ടെത്തിയിട്ട് അടയാളപ്പെടുത്തിയശേഷം വെളിയിലും ഉള്ളിലേക്കും പോയതിന്റെ കണക്കുകൾ ചോദിച്ചു. പോകേണ്ടതൊക്കെ വെളിയിൽ പോയെങ്കിലും നേരം പുലർന്നിട്ട് ഒരുതുള്ളി വെള്ളം പോലും അകത്തേക്ക് പോയില്ലെന്ന് അറിഞ്ഞപ്പോൾ അവർ സം‌തൃപ്തരായി. പിന്നീട് ആഭരണങ്ങൾ ഊരാൻ പറഞ്ഞു. ആകെയുള്ളത് താലിചെയിലും മോതിരവും കാതിലയും ആണ്. കാതിലും വിരലിലുള്ളതും ഊരിയിട്ട് താലി ഊരാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിൽ ഒരുത്തി അത് തടഞ്ഞുകൊണ്ട് പറഞ്ഞു,
“നോ,, നവർ ഡൂ ഇറ്റ്,, അത് ചെയ്യകൂടാത്. തപ്പ്,”
   അപ്പോൾ എനിക്കാകെ സംശയം കടന്നുവന്നു,, ഊരിയതൊക്കെ എവിടെ വെക്കും,, കൂടെയുള്ള ഭർത്താവും സഹോദരനും പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് ചായ കുടിക്കാൻ പോയതാണ്. അവർ വരുന്നതുവരെ ഇവിടെ കാത്തുനിൽക്കാൻ വിടുമോ? അപ്പോഴേക്കും കൂട്ടത്തിലൊരു സിസ്റ്റർ ബെഡിന്റെ അടുത്തുള്ള എന്റെ ബാഗ് തുറന്നിട്ട് അതിനകത്ത് വെക്കാനുള്ള ആഗ്യം കാണിച്ചു. ബാഗിന്റെ ഉള്ളറയിൽ മോതിരവും ഇയറിം‌‌‌ഗ്‌സും വെക്കുമ്പോൾ എന്റെയൊരു സംശയം ബാക്കിയായി. ഒന്നര പവൻ തൂക്കമുള്ള എന്റെ താലിച്ചെയിൻ? അത് നേരിട്ട് ബന്ധുക്കളുടെ കൈയിൽ കൊടുക്കാനായിരിക്കും,,

      എന്നെ കിടക്കയിൽ നിന്നും എഴുന്നേൽ‌പ്പിച്ച് ഇറക്കിയിട്ട് വീൽ‌ചെയറിൽ ഇരിക്കാൻ പറഞ്ഞു. അപ്പോൾ ഇവിടെയുള്ള എന്റെ ബാഗും വസ്ത്രങ്ങളും,, അതൊക്കെ പറയാൻ ബന്ധുക്കൾ വരാതെയാണോ എന്നെയവർ ഓപ്പറേഷൻ തീയറ്ററിൽ എഴുന്നെള്ളിക്കുന്നത്. വർദ്ധിച്ച ധൈര്യത്തോടെ സന്തോഷത്തോടെ വീൽചെയറിൽ ഇരിക്കുമ്പോൾ എവിടെനിന്നാണെന്ന് അറിയില്ല, നിറയെ ചന്ദനം പൂശിയൊരു അമ്മച്ചി ഓടിവന്നിട്ട് എന്റെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാർത്തിയിട്ട് ഒരു നിമിഷം പ്രാർത്ഥിച്ചു,
“അമ്മാ സൌഖിയമായി വന്തിരുന്താലും,,”
ഏതായാലും എല്ലാം മം‌ഗളമായി തീരുമല്ലോ,,
      വിശാലമായ മുറിയിൽ‌നിന്നും ഞാനിരിക്കുന്ന വീൽചെയർ ഉരുട്ടിക്കൊണ്ട് നേരെ പിൻ‌വശത്തെ ആൾ‌സഞ്ചാരം കുറഞ്ഞ ഇടനാഴിയിൽ എത്തിച്ചേർന്നു. അവിടെയതാ ഞങ്ങളെ പ്രതീക്ഷിച്ച് നാലുചക്രമുള്ള വണ്ടിയുമായി മൂന്ന് നേഴ്സുമാർ. എന്നെ അവർക്ക് കൈമാറിയിട്ട് അതുവരെ വന്നവർ വീൽ‌ചെയറുമായി സ്ഥലം വിട്ടു. എന്നോട് അതിന്റെ മുകളിൽ കയറി കിടക്കാൻ പറഞ്ഞു. അതിൽ ഇരുണ്ട പച്ച നിറത്തിലുള്ള രണ്ട് ബെഡ്‌ഷീറ്റുകളിൽ ഓരോന്നും രണ്ടായി മടക്കി നിവർത്തിയിട്ടിരിക്കുന്നു. അതിനു മുകളിൽ കിടക്കാനാണ് പറഞ്ഞത്. കിടന്നപ്പോൾ ആദ്യം പറഞ്ഞത് സാരിയും പാവാടയും അടിവസ്ത്രവും അഴിക്കാനാണ്. അവയെല്ലാം ഓരോന്നായി അഴിച്ചപ്പോൾ ഞാൻ കിടന്ന ബെഡ്‌ഷീറ്റിൽ ഒന്ന് എന്റെ പകുതി ദേഹത്തെ പൊതിഞ്ഞു മൂടി മുറുക്കിക്കെട്ടി. പിന്നീടവർ ബ്ലൌസും ബ്രായും അഴിക്കാൻ പറഞ്ഞു. അതും അഴിച്ചപ്പോൾ എന്നെ കിടത്തിയ മുകളിലത്തെ ബെഡ്‌ഷീറ്റ്‌ മടക്കിയിട്ട് കൈകൾ ഉൾ‌വശത്താക്കി നന്നായി മുറുക്കിയിട്ട് പൊതിഞ്ഞു. അഴിച്ച വസ്ത്രങ്ങളെല്ലാം മൂന്നാമത്തെ സിസ്റ്റർ എടുത്തുകൊണ്ട് എങ്ങോട്ടോ പോയി. കൈയും കാലും ചലിപ്പിക്കാനാവാതെ കിടക്കുന്ന ഞാൻ അപ്പോഴും ഒരു സംശയം ചോദിച്ചു,
“സിസ്റ്റർ ചെയിൻ അഴിക്കണ്ടേ?”
“നോ,, നോ,, പിളുതകൂടാത്, അത് മം‌‌ഗല്യസൂത്രമാ”
         എങ്കിൽ അങ്ങിനെയാവട്ടെയെന്ന് ഞാനും തീരുമാനിച്ചു. എന്തൊക്കെയോ മരുന്നുകൾ നിറച്ച സൂചികൾ എന്റെ ദേഹത്തിന്റെ പലയിടങ്ങളിലായി കുത്തിക്കയറ്റിയശേഷം അവർ പതുക്കെ വണ്ടി ഉരുട്ടാൻ തുടങ്ങി. വണ്ടിയുടെ ചക്രം കറങ്ങുന്നതിനിടയിൽ ഞാൻ പലതും ചിന്തിച്ചു. ഭർത്താവിനോടും അനുജനോടും ഒരു വാക്കുപോലും മിണ്ടാനാവാതെ ഓപ്പറേഷന് പോയാൽ അവരാകെ പരിഭ്രമിക്കില്ലേ? ഏതായാലും എല്ലാം ശുഭമായി പരിണമിച്ചാൽ മാസങ്ങൾക്കകം മറ്റുള്ളവരെപ്പോലെ ആരോഗ്യത്തോടെ ഓടിച്ചാടി എനിക്ക് നടക്കാനാവുമല്ലോ,, വെറുമൊരു ഹാർട്ട് ഓപ്പറേഷനല്ലേ,, കടലാസ്സൊക്കെ തലേദിവസം തന്നെ ഒപ്പിട്ടതാണല്ലോ,,
എന്നാലും?
         ഏതൊക്കെയോ വഴിയിലൂടെ തമിഴിന്റെ വായ്ത്താരികൾ കേട്ടുകൊണ്ട് സഞ്ചരിക്കുമ്പോൾ ഞാനെന്റെ കുഞ്ഞുമക്കൾ രണ്ടുപേരെയും മറന്നു,, ഒപ്പമുള്ള ഭർത്താവിനേയും അനുജനേയും മറന്നു, വീട്ടിലുള്ള അച്ഛനെയും അമ്മയേയും സഹോദരങ്ങളെയും മറന്നു, ബന്ധുക്കളെ മറന്നു, നാട്ടുകാരെ മറന്നു, പഠിപ്പിക്കുന്ന വിദ്യാലയത്തെ മറന്നു, ശിഷ്യന്മാരെയും അവർക്ക് തീരാനുള്ള പാഠഭാഗങ്ങളും മറന്നു, സുഹൃത്തുക്കളെ മറന്നു, കേരളത്തെയും മലയാളത്തേയും മറന്നു, അങ്ങിനെ അങ്ങിനെ,, എല്ലാം മറവിയിലേക്ക് ആഴ്ന്നിറങ്ങി. വെറും ശൂന്യത മാത്രം,,,
    മറവിയിലേക്ക് കുടിയേറിയ ഞാൻ വിശാലമായ വെളിച്ചം നിറഞ്ഞ മുറിയിലേക്ക് കടക്കുന്നതിനുമുൻപ് മുകളിൽ എഴുതിയത് വായിച്ചു,
‘കാർഡിയാക്ക് സർജറി യൂനിറ്റ്’
        അവിടെ ഏഴ് ബൾബുകൾ ഒന്നിച്ചുചേർത്ത തീവ്രമായ വെളിച്ചത്തിനു ചുവട്ടിലുള്ള ഓപ്പറേഷൻ ടേബിളിൽ എന്നെയവർ കിടത്തി. വെളിച്ചത്തിലേക്ക് നോക്കിനിൽക്കെ എന്റെ ഓർമ്മകൾ അതിലേക്ക് ലയിക്കാൻ തുടങ്ങി. അജ്ഞാതരഹസ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രപഞ്ചരഹസ്യം തേടിയിട്ട് ആ പ്രകാശത്തിനോടൊപ്പം ഭൂമിയെക്കാൾ വേഗത്തിൽ ഞാനും കറങ്ങാൻ തുടങ്ങി. പ്രകാശത്തിന്റെ സാന്ദ്രതകാരണം അവിടെയൊരു ബ്ലാക്കുഹോൾ രൂപാന്തരപ്പെടുമ്പോൾ ഞാനതിൽ ലയിക്കാൻ പോവുകയാണ്,,
അതേ,,
ജിവനുള്ള എന്റെ ഹൃദയം തുറന്ന് റിപ്പയർ ചെയ്യാൻ പോവുകയാണ്,,
ഓപ്പൺ ഹാർട്ട് സർജറി,,
***************
         നാലാം തീയ്യതി നഷ്ടപ്പെട്ട ഓർമ്മകൾ തിരികെ എന്നിലേക്കെത്തിയത് പത്താം തീയതി,,
അതിനിടയിൽ,,
ചരിത്രപരമായ പലതും എന്നിൽ നടന്നിരുന്നു,,
പരലോകത്തേക്ക് തുറന്നിട്ട വാതിൽ കടക്കാനാവാതെ ഞാൻ തിരികെ വന്നു,,
അനുഭവിക്കാൻ ഇനിയും ധാരാളം ഉണ്ടല്ലോ,,
സാധാരണക്കാരുടെ വീടുകളിൽ ലാന്റ്‌ഫോൺ പോലും കടന്നുവരാത്ത ആ കാലത്തിൽ നിന്നും പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിക്കാൻ ബാക്കിയുണ്ടല്ലോ,,
കടമകൾ ധാരാളം കിടക്കുകയാണല്ലോ,,
ഇതെല്ലാം എഴുതാൻ ബാക്കിയുണ്ടല്ലോ,,
*********
    ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കൊപ്പം ജനറൽ വാർഡിലാണ് ഞാൻ കിടക്കുന്നത്. സാമ്പത്തികനില പരിതാപകരം ആയതിനാൽ അക്കാലത്ത് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്റെ ജീവിതത്തിൽ നന്നായി ഉറങ്ങിയ ദിവസങ്ങൾ ആയിരുന്നു. ഏത് നേരവും ഉറക്കം തന്നെയാണെങ്കിലും ഒരു ഇടവേളയിൽ ഞാനെന്റെ കട്ടിലിന്റെ വശത്ത് തൂക്കിയിട്ട മെഡിക്കൽ റിപ്പോർട്ട് അടങ്ങിയ ഫയൽ തുറന്നു വായിച്ചു. കൂട്ടത്തിൽ X-Ray ഫിലിം കണ്ടപ്പോൾ ഞാൻ ഞെട്ടി. (അന്നത്തെ കാലത്ത് ഉള്ളകം കാണാനുള്ള ഏകമാർഗം X-Ray മാത്രമായിരുന്നു) ഞാനറിയാതെ ബോധമില്ലാത്ത അവസ്ഥയിൽ എടുത്ത ആറ് X-Ray ഫിലിം. അതിൽ വാരിയെല്ല് ആരം‌ഭിക്കുന്നതിന് മുകളിൽ കഴുത്തിൽ പാമ്പ് ചുറ്റിയതുപോലെ ഒരു തിളക്കം. എന്റെ കഴുത്തിലെ താലിച്ചെയിൻ!!!
എന്റെ ദൈവമേ,,,???
ശരീരത്തിലൊട്ടാകെ വിവിധ യന്ത്രങ്ങളിൽ നിന്നുള്ള കേബിളുകളും, പലതരം ദ്രാവകങ്ങൾ അകത്തും പുറത്തുമായി കടന്നുപോകുന്ന കുഴലുകളും ചുറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയിൽ X-Ray എടുക്കുമ്പോൾ അവരെന്റെ താലിചെയിൽ അഴിച്ചിട്ടില്ല,,
എന്റെ ദൈവമേ,,,???  
ഇതെന്ത് വിശ്വാസം?
വീട്ടിൽ എത്തിയാൽ താലി ഞാനെന്നും അഴിച്ചുവെക്കാറാണ് പതിവ്,,
അങ്ങിനെയുള്ള എന്റെ താലി സർജറി നേരത്ത് അഴിച്ചില്ല!!!
ഇതെന്ത് വിശ്വാസം?
അത് കണ്ടതോടെ, അതിനപ്പുറം വായിച്ചതോടെ
സമാധാനപൂർണ്ണമായ എന്റെ ഉറക്കം തീർന്നു.  
###രണ്ടാഴ്ച കഴിഞ്ഞപ്പോൾ
ഓപ്പറേഷൻ കഴിഞ്ഞവരുടെ വാർഡിൽ അടുത്ത ബെഡ്ഡിൽ കിടക്കുന്ന ഒറ്റപ്പാലത്തുകാരി ജമീല പറഞ്ഞു,
“എന്നാലും എന്റെ ടീച്ചറേ,, മയ്യത്ത് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതു പോലെയല്ലേ അവര് നമ്മളെ കെട്ടിയെടുത്തത്?”
ആ നേരത്തും താലി അഴിച്ചില്ലല്ലോ,, എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ,,,
**********

February 2, 2020

പാവക്ക പുത്തൻ വെറൈറ്റി, ഒരു ഞെട്ടിൽ മൂന്നെണ്ണം



          കേരളത്തിന്റെ വടക്കോട്ട് പോയാൽ കയ്‌പേറിയതു കാരണം കയ്പ എന്ന് അറിയപ്പെടുന്നതും തെക്കോട്ട് പോവുമ്പോൾ ഒരു പാവത്തെപോലെ തോന്നിയതിനാൽ പാവൽ എന്നും അറിയപ്പെടുന്ന പടർന്നുവളരുന്ന വള്ളിച്ചെടിയെ അറിയാത്തവരും ഉപയോഗിക്കാത്തതുമായ മലയാളികൾ കുറവാണ്. ഒരേ വള്ളികളിൽതന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാവുന്നത് പാവൽ, പടവലം ഫേമലിയിലുൾപ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ്. പാവക്ക പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നത് പലതരം രോഗങ്ങൾക്ക് പ്രതിവിധിയാണ്.
         നല്ല സൂര്യപ്രകാശം ലഭിച്ചാൽ പാവൽ വളരെ വേഗത്തിൽ പുഷ്പിക്കും. ആദ്യം വിടരുന്നത് ആൺ‌പൂക്കൾ മാത്രമായിരിക്കും. പാവലിന്റെ ഒരു പൂങ്കുലയിൽ ഒരു പൂവ് മാത്രമാണ് കാണപ്പെടുന്നത്. അപൂർവ്വമായി രണ്ടെണ്ണം കണ്ടേക്കാം. ഈ പൂവ് ആണോ പെണ്ണോ ആവാം.
         ഏതാനും ദിവസം കഴിഞ്ഞ് വിടരുന്ന പെൺ‌പൂക്കളിൽ കൊച്ചു പാവക്ക കാണാൻ കഴിയും. പെൺ‌പൂക്കളിൽ പരാഗണത്തിനുശേഷം വളരുന്ന പാവക്ക(കയ്പക്ക) പഴുത്ത് ഉൾവശം ചുവക്കുന്നതിനുമുൻപ് വിളവെടുക്കണം.
ഇനിയാണ് സംഭവം,,
           ഇന്നത്തെ കാലത്ത് കൃഷിചെയ്യുക എന്നത് കേരളത്തിലെ വിദ്യാലയങ്ങളിൽ സാധാരണമാണെങ്കിലും അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് വാർത്തകൾ ഇല്ലാതിരുന്ന കാലത്തുതന്നെ എന്റെ വിദ്യാലയം പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. ചീര, വെണ്ട, പടവലം, വഴുതന, കയ്പ, പയർ തുടങ്ങി പലതരം പച്ചക്കറികൾ നട്ടുവളർത്തുന്നതിന്റെ നേതൃത്വം കൊടുത്തത് സ്ക്കൂളിലെ ഒരു കണക്ക് അദ്ധ്യാപകൻ ആയിരുന്നെങ്കിലും പരിചരണം മൊത്തമായി ഏറ്റെടുത്തത് ജീവശാസ്ത്രം ആയ ഞാനും ഏതാനും കുട്ടികളും ആയിരുന്നു. അതോടൊപ്പം സ്ക്കൂൾ പറമ്പിലാകെ പലതരം മരങ്ങൾ നടാനും തുടങ്ങി.
പച്ചക്കറികൾ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ ഒരു അറിയിപ്പ്:
നമ്മുടെ വിദ്യാലയം ബ്ലോക്ക് തലത്തിൽ കൃഷിക്ക് രണ്ടാം സ്ഥാനം നേടിയിരിക്കുന്നു,,
       സമ്മാനമൊക്കെ വാങ്ങിയതിനുശേഷം വാർത്തയും ഫോട്ടോയും പത്രത്തിൽ കൊടുത്തു. ഫോട്ടോ കൊടുത്തത് പാവലിന്റെ തോട്ടത്തിന് സമീപം വിദ്യാർത്ഥികളും അദ്ധ്യാപകരും നിൽക്കുന്നതാണ്. വെള്ളനിറത്തിൽ ധാരാളം പാവക്ക പന്തലിൽ‌നിന്നും തൂങ്ങിക്കിടക്കുന്ന ബ്ലാക്ക്&വൈറ്റ് കിടിലൻ ഫോട്ടോ.
മാർച്ച് മാസം കഴിഞ്ഞു,
SSLC പരീക്ഷ കഴിഞ്ഞു,
ഉത്തരക്കടലാസ് നോക്കി മാർക്കിടുന്ന സമയം,
വിഷയം: ജീവശാസ്ത്രം എന്ന ബയോളജി
ഒരു ദിവസം സമീപത്തെ സ്ക്കൂളിലെ അദ്ധ്യാപകനൊരു സംശയം,
“ടീച്ചറേ നിങ്ങളുടെ സ്ക്കൂളിലെ കയ്പക്ക പുതിയ വെറൈറ്റി ആണോ? വിത്ത് വേണം”
“അല്ലല്ലോ,, എന്താ?”
“എന്നിട്ട്,, അതെങ്ങിനെയാ ഒരു ഞെട്ടിൽ രണ്ടും മൂന്നും കയ്പക്ക ഉണ്ടായത്?”
“ഒരു ഞെട്ടിൽ ഒന്നല്ലെ ഉണ്ടാവുന്നത്?”
“അതാണ് ഞാനും ചോദിക്കുന്നത്, പത്രത്തിൽ വന്ന സ്ക്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഫോട്ടോയിൽ പാവലിന്റെ പന്തലിൽ കായ്ച്ചു നിൽക്കുന്നത് ഒരു ഞെട്ടിൽ രണ്ടും മൂന്നും പാവക്ക ആണല്ലോ”
“അയ്യോ,, അതെങ്ങിനെ?”
“വീട്ടിൽ പോയിട്ട് അന്നത്തെ പത്രമെടുത്ത് നോക്ക്”
സംശയം പറഞ്ഞത് അന്നും ഇന്നും പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകനാണ്.
പത്രത്തിലെ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അമളി മനസ്സിലായത്. പാവക്ക തൂങ്ങിക്കിടക്കുന്നത് രണ്ട് വീതം മൂന്ന്, മൂന്ന് വീതം രണ്ട്, ഒന്ന് വീതം നാല്!!!
അപ്പോൾ,,
എല്ലാം കണക്ക് അദ്ധ്യാപകന്റെ തട്ടിപ്പ്,,
@ഫോട്ടോ എടുക്കാൻ ക്യാമറയുമായി ഫോട്ടോഗ്രാഫർ വന്നപ്പോൾ പന്തലിന്റെ ഉൾ‌വശത്തുള്ള പാവക്കകൾ പറിച്ചെടുത്ത് ഫോട്ടോയിൽ പതിയുന്ന തരത്തിൽ മുൻ‌വശത്തായി നൂലുകൊണ്ട് രണ്ടും മൂന്നുമായി ഒന്നിച്ച് കെട്ടിയിട്ടു.
അത് കണക്ക് അദ്ധ്യാപകനാണ്,,
കണക്ക് ശരിയാക്കുന്ന നേരത്ത്,,
ഒരു ഞെട്ടിൽ ഒരു പാവക്ക മാത്രമാണെന്ന്,,
അറിയുന്ന ജീവശാസ്ത്രം അദ്ധ്യാപിക നോക്കിനിൽക്കുന്നുണ്ടായിരുന്നു,,
*******

January 23, 2020

അപകടം വരാത്ത മകൾ


            സ്വന്തം ഗ്രാമത്തിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാളായി പ്രമോഷനോടൊപ്പം ട്രാൻസ്‌ഫർ ലഭിച്ച് ചാർജ്ജെടുത്തപ്പോൾ സുധർമ്മ ടീച്ചർ സന്തോഷിച്ചു. 20 വർഷത്തിലധികം അതെ വിദ്യാലയത്തിൽ ഹൈ സ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചറാണ്. നാട്ടുകാരായ ചെറുപ്പക്കാരും മുതിർന്നവരുമായി അവർക്ക് ശിഷ്യഗണങ്ങൾ അനേകം പേരുണ്ട്. കൂട്ടത്തിൽ സ്വന്തം മക്കൾ ഒഴികെ ധാരാളം ബന്ധുക്കളും വീട്ടുകാരും ഉണ്ട്. അവർക്ക് സ്വന്തമായി മക്കളില്ലെങ്കിലും എല്ലാ കുട്ടികളും അവരുടെ മക്കളാണ്. സഹോദരങ്ങളുടെ മക്കളെ കൂടെ നിർത്തി സ്വന്തമാക്കി വളർത്തുന്നും ഉണ്ട്.
ഇനി കഥയിലേക്ക്,, അല്ല സംഭവത്തിലേക്ക് വരാം,,
ഒരു തിങ്കളാഴ്ച,, മഴ ചിന്നം ചിന്നം പെയ്യുന്ന ദിവസം,,
ക്ലാസ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ,,
പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺ‌കുട്ടി പരിഭ്രമിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ വന്നു. പ്രിൻസിപ്പാൾ ചോദിച്ചു,
“എന്തുപറ്റി, ഇപ്പോൾ ക്ലാസ്സില്ലേ?”
“മാഡം, എനിക്ക് വീട്ടിൽ പോകണം”
“അതിനുമാത്രം എന്തുണ്ടായി?”
“പ്രതിക്ഷിക്കാതെ മെൻസസ് ആയി,, മുൻ‌കരുതൽ എടുത്തിട്ടില്ല”
“അതൊന്നും പ്രശ്നമില്ല, ഇപ്പോൾ തന്നെ പാഡ് വരുത്തിതരാം. നമ്മുടെ ലത ടീച്ചറുടെ കൈയിലുണ്ടാവും, കുട്ടി ഇവിടെ ഇരിക്ക്”
   ലത നമ്മുടെ പി.ഇ.ടി. ആണ്,, കുട്ടികൾക്ക് അത്യാവശ്യമായ മരുന്നുകളുടെയും ഫസ്റ്റ് എയിഡുകളുടെയും സൂക്ഷിപ്പുകാരി കൂടിയാണ്. പക്ഷെ നമ്മുടെ ശിഷ്യക്ക് അതിലൊന്നും തൃപ്തി വന്നില്ല. അവൾക്ക് ഒരേ വാശി,,
“ഈ സമയത്ത് എനിക്ക് വീട്ടിൽ പോയാൽ മതി. ഞാൻ പോയ്ക്കോളാം”
“അതെങ്ങിനെയാ തനിച്ച് പോകാമോ? വേദനയോ മറ്റോ?”
“വേദനയൊന്നുമില്ല മാഡം, ഞാൻ ബസ്സിന് പോയ്ക്കോളും”
“വീട്ടിൽ ആരാണുള്ളത്? അമ്മക്ക് നൈറ്റ് ഡ്യൂട്ടിയാണോ?,,”
“അമ്മയും അച്ഛനും ജോലിക്ക് പോയി. പിന്നെ വീട് തുറക്കാനുള്ള കീ എന്റെ കൈയിലും ഉണ്ട്”
“അങ്ങിനെ ഒറ്റക്ക് വീട്ടിലിരിക്കാനോ? ഏതായാലും ഞാൻ പെർമിഷൻ നൽകില്ല”
  കുട്ടിയുടെ അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ ആണെന്ന് പ്രിൻസിപ്പാളിന് അറിയാം. പകൽ നേരത്ത് വീട്ടിലാരും ഉണ്ടാവില്ലെന്ന ചിന്ത അവരെ അലട്ടി. അവർ പ്ലസ് ടൂ കാരിയോട് പി.ടി ടീച്ചറായ ലതയെ കണ്ടതിനുശേഷം ക്ലാസ്സിൽ പോകാൻ പറഞ്ഞെങ്കിലും കുട്ടി നേരെ ക്ലാസിൽ പോയി ഇരുന്നു.
  പിറ്റേദിവസം കൃത്യം പതിനൊന്ന് മണി ആയപ്പോൾ പ്ലസ് ടൂ കാരിയുടെ അമ്മ വന്നു. പ്രിൻസിപ്പാളിനുനേരെ എല്ലാവരും കേൾക്കെ പരാതി പറഞ്ഞു,
“ടിച്ചറൊരു പെണ്ണല്ലേ,, ഒരു പെണ്ണിന്റെ വിഷമം അറിയാഞ്ഞിട്ടാണോ എന്റെ കുട്ടിയെ വീട്ടിൽ വിടാഞ്ഞത്? അവളെത്ര വിഷമിച്ചിട്ടുണ്ടാവും?”
പ്രിൻസിപ്പാൾ വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു,
“നിങ്ങളൊരു അമ്മയല്ലേ,, അടച്ചുപൂട്ടിയ വീട്ടിൽ വയ്യാത്ത അവസ്ഥയിൽ തനിച്ചൊരു കുട്ടിയെ വിടാൻ പറ്റുമോ? ഇന്നത്തെ കാലത്ത് പെൺ‌കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ”
“എന്റെ മകൾക്ക് ഒന്നും പറ്റുകയില്ല. അവൾക്കതിന് തന്റേടം ഉണ്ട്. ബ്ലീഡിംഗ് ആയ കുട്ടിയെ അവളുടെ ഇഷ്ടത്തിന് വീട്ടിൽ വിടുകയല്ലേ ചെയ്യേണ്ടത്. ടീച്ചർ ചെയ്തത് ശരിയായില്ല”
രണ്ടുപേരും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ ആ അമ്മ പറഞ്ഞു,
“ടീച്ചർക്ക് കുട്ടികളെപറ്റി എന്തറിയാം,, മക്കളെ പ്രസവിക്കാത്ത നിങ്ങൾക്ക് മക്കളോട് സ്നേഹം ഉണ്ടാവുകയില്ലല്ലോ”
സുധർമ്മ ടീച്ചർ ഞെട്ടി,, മർമ്മത്തിലാണ് രക്ഷിതാവ് കൊത്തിയത്.
  നട്ടുച്ച നേരത്ത് അടച്ചുപൂട്ടിയ വീട്ടിലേക്ക് പതിനേഴ് വയസുള്ള പെൺ‌കുട്ടിയെ പറഞ്ഞു‌വിടാത്ത കുറ്റപ്പെടുത്തലിന്റെ വേദനയിൽ പ്രിൻസിപ്പാൾ മിണ്ടാതിരുന്നു.
പിൻ‌കുറിപ്പ്:
  ഇതുപോലെ എന്റെ മർമ്മത്തിലും പലപ്പോഴായി രക്ഷിതാക്കൾ കൊത്തിയിട്ടുണ്ട്. കൊത്ത് ഏൽക്കുന്നില്ലെന്ന് വന്നപ്പോൾ വീണ്ടും വീണ്ടും കൊത്തി മുറിവേല്പിച്ചിട്ടുണ്ട്.