“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 31, 2009

5.പൊന്നുരുക്കുന്നിടത്തെ പൂച്ച



കാരണവന്മാരെല്ലാം ആന്റിയുടെ കല്ല്യാണക്കാര്യം ചര്‍ച്ച ചെയ്യട്ടെ. ഞാന്‍ എന്റെ പുതിയ സൈക്കിള്‍ പ്രാക്റ്റീസ് ചെയ്യട്ടെ. ഈ പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം???

January 23, 2009

4.ബോണ്‍സായ് ചെടി “പുഷ്പഫലപ്രദര്‍ശനം,കണ്ണൂര്‍”



ഒരു ബോണ്‍സായ് വിലാപം

വിശാലമായ പൂന്തോട്ടത്തിന്റെ വടക്കെ മൂലയില്‍ സ്ഥാനം പിടിച്ച ഒരു ആല്‍മരമാണു ഞാന്‍. ആല്‍മരം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ തോന്നുക, ഒരു വലിയ, “ധാരാളം ശാഖകളും തൂങ്ങിനില്‍ക്കുന്ന വേരുകളും ചേര്‍ന്നു പടര്‍ന്നു പന്തലിച്ച“ , “ശലഭങ്ങളും പക്ഷികളും ജന്തുക്കളും ഉള്‍ക്കൊള്ളുന്ന“ ഒരു ലോകമായിരിക്കും. എന്നാല്‍ എന്റെ മനസ്സും ചിന്തകളും വളരെ വലുതാണെങ്കിലും ശരീരം വളരെ ചെറുതാണ്. വെറും 50 സെന്റീമീറ്റര്‍ പൊക്കവും 5 കിലോഗ്രാം ഭാരവും !!!..... ട്ടണ്‍ കണക്കിനു ഭാരമുള്ള എന്റെ കൂട്ടുകാരെ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു…… ഞാന്‍ നില്‍ക്കുന്നതു ഒരടി നീളവും ഒരടി വീതിയുമുള്ള ഒരു പരന്ന പാത്രത്തിലാണ്. എന്റെ വേരിനു ചുറ്റും 3 കിലോഗ്രാം മണ്ണും കല്ലും. പരിമിതമായ സൂര്യപ്രകാശവും വായുവും മാത്രം.നിത്യേന അര ഗ്ലാസ്സ് വെള്ളവും പിന്നെ ഏതോ പൊടികളും കലക്കി എന്റെ ചുവട്ടില്‍ ഒഴിക്കുന്നു. തീര്‍ന്നു, എന്റെ ലോകം…ഓ…..ഒരു കാര്യം വിട്ടു പോയി…..കൂടുതല്‍ ആഹാരം കഴിച്ചു ഞാന്‍ വളര്‍ന്നാല്‍ ഉടനെ കമ്പിപ്രയോഗം നടത്തും…….ചെമ്പുകമ്പികള്‍ കൊണ്ട് എന്റെ ശരീരം ചുറ്റിക്കെട്ടും. സഹിക്കാന്‍ കഴിയാത്ത വേദനകൊണ്ട് ഞാന്‍ പട്ടിണികിടന്നു ചെറുതാവും….. ആകാശത്തിനു താഴെ ആയിരക്കണക്കിനു ശാഖകളും ശാഖാവേരുമായി പടര്‍ന്നു വളര്‍ന്ന എന്റെ കൂട്ടുകാരെ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു…… എന്റെ ഈ അവസ്ഥ കാണാനായി നിത്യേന ധാരാളം സന്ദര്‍ശ്ശകര്‍ ഇവിടെ വരാറുണ്ട്. വാഹനങ്ങളില്‍ കയറി ഞാന്‍ ധാരാളം സ്ഥലങ്ങള്‍ കാണാറുണ്ട്. വിശാലമായ ആകാശവും ഭൂമിയും സ്വപ്നം കാണുന്ന എന്നെപ്പോലെയുള്ള എന്റെ കൂട്ടുകാരുടെ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശ്ശിക്കുക……http//:mini-chithrasalaphotos.blogspot.com. ……എല്ലാവര്‍ക്കും നന്ദി,,,,,,,,,,.

January 18, 2009

3.തിരയുടെ സംഗീതം


എന്റെ തീരം… കിഴുന്ന
ഞാന്‍ ജനിച്ചതും വളര്‍ന്നതും തിരമാലകളുടെ സംഗീതം കേട്ടുകൊണ്ടാണ്. കടലിന്റെ വിവിധ ഭാവങ്ങള്‍ കാണാനും കേള്‍ക്കാനും എനിക്കു ഭാഗ്യം ഉണ്ടായിട്ടുണ്ട്. ചിലകാലത്ത് ആര്‍ത്തിരമ്പുന്ന തിരമാലകളുടെ രൌദ്രഭാവങ്ങളും മറ്റുചിലപ്പോള്‍ താരാട്ടുപാടുന്ന ശാന്തമായ ഭാവങ്ങളും അറിയാന്‍ തീരവാസികള്‍ക്കു കഴിയാറുണ്ട്. തീരപ്രദേശമാണെങ്കിലും മത്സ്യബന്ധനം ആരുടെയും സ്തിരം തൊഴിലല്ല. വെള്ള മണല്‍ത്തരികള്‍ നിറഞ്ഞ വിശാലമായ തീരത്തുകൂടി സൂര്യാസ്തമയം വരെ നടന്നു നീങ്ങുന്നതു വളരെ രസകരമാണ്‍. ഉരുക്കിയ സ്വര്‍ണ്ണനിറമുള്ള സൂര്യന്റെ ചുറ്റും എല്ലാ നിറങ്ങളും വാരിക്കോരിയൊഴിച്ച് അലങ്കരിച്ച ആകാശം. സൂര്യന്‍ പതുക്കെ കടലില്‍ താഴുന്നതും നിറങ്ങള്‍ ഇരുളുന്നതും വളെരെ മനൊഹരമാണ്.കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ ………….. http//:mini-chithrasalaphotos.blogspot.com.
മനസ്സില്‍ ഒളിച്ചിരിക്കുന്ന എല്ലാ കാഴ്ചകളും ഞാന്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമാവില്ല എന്നു ഞാന്‍ അറിയുന്നു.എന്റെ തീരം എല്ലാ നിറങ്ങളും അലങ്കരിച്ച് എന്നെ കാത്തിരിക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.

January 10, 2009

2.തവളകള്‍


തവളകള്‍
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കൊച്ചു തവളയെ കണ്ടെത്തി. ഏതാണ്ട് ഒരു സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ കൊച്ചു തവളയെപറ്റി കൂടുതല്‍ അറിയാന്‍ എനിക്കു കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സില്‍ പോയ കാലത്തെ തവളകള്‍ കൂട്ടത്തോടെ കയറി വരാന്‍ തുടങ്ങി.
കുട്ടിക്കാലത്ത് തോടും വയലും കടലും ഒന്നിച്ചു കാണാന്‍ ഭാഗ്യമുള്ള എന്റെ വീട്ടില്‍ സന്ദര്‍ശകരായി എത്തുന്നവരാണ് ഈ തവളകള്‍. രാവിലെ വാതില്‍ തുറന്നാലുടനെ അകത്തു കയറുന്ന തവളകളെ ചാക്കില്‍ പിടിച്ചിട്ട് സമീപമുള്ള കുളത്തില്‍ നിക്ഷേപിക്കുക എന്നത് ഞങ്ങള്‍ കുട്ടികളുടെ വിനോദമാണ്.
പിന്നീട് നാലു വര്‍ഷം ഞാന്‍ തവളകളുടെ അന്തകനായി മാറി. സുവോളജി ലാബിലെ ഡിസക്ഷന്‍ബോര്‍ഡില്‍ ബോധമില്ലാത്ത തവളകളെ ഓരോന്നായി കീറിമുറിച്ചു. രക്തക്കുഴലും നാടികളും അടയാളപ്പെടുത്തുബോഴും ജീവനുവേണ്ടി പിടയുന്ന തവളകളുടെ ഹ്റ്യദയമിടിപ്പ് അവഗണിച്ചു.
ഈ തവളകള്‍ എന്റെ ഓര്‍മ്മകളായി മാറി. വര്‍ഷങ്ങള്‍ക്കു ശേഷം ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നായി ശസ്ത്രക്രീയ ചെയ്യാനായി ഓപ്പറേഷനു വേണ്ടി ടേബിളില്‍ കിടന്ന എന്റെ മനസ്സില്‍ തവളകള്‍ കൂട്ടത്തോടെ കയറിവരാന്‍ തുടങ്ങി. എല്ലാ തവളകളും കടന്നു പോകുന്നതോടൊപ്പം എന്റെ ബോധവും പോയി. പിന്നീട് മണിക്കൂറുകളും ദിവസ്സങ്ങളും കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ മനസ്സിലെ തവളകളെല്ലാം ഓടിയൊളിച്ചു. ജീവിക്കാന്‍ കൂടുതല്‍ ആവേശം ഉണ്ടായി.
ഇനി തവളയെപറ്റി കൂടുതല്‍ എന്തു പറയാനാണ്.എന്റെ കുട്ടികള്‍ക്കു ഞാന്‍ തവളകളുടെ ചിത്രം കാട്ടിക്കൊടുത്തു പരിചയപ്പെടുത്തുന്നു.തൊടികളും തോടും പാടവും അപ്രത്യക്ഷമായതോടെ തവളകള്‍ അപ്രത്യക്ഷമായി. അതോടൊപ്പം ശലഭങ്ങളും പക്ഷികളും പൂക്കളും ഓരൊന്നായി കുറയുന്നു.ഭൂമിയുടെ അവകാശികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിയുന്നു.

January 9, 2009

1.സൂര്യാസ്തമയം


ഒരു സൂര്യാസ്തമയം എന്റെ കൈക്കുള്ളില്‍ ഒതുക്കാന്‍ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കുന്നു...കിഴുന്ന കടല്‍ത്തീരം