“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 27, 2010

വഴി തെറ്റി വന്ന ഒരു കവി


‘പതിവായ്
ഉമ്മകൾ
നൽകി ഞാൻ.
ഒരുനാൾ
വേണ്ടെന്നനുജത്തി.
കാര്യം
എന്തെന്നാരാഞ്ഞു.
കാര്യം
ഏട്ടനും ആണല്ലേ..?’

                    കവിതാ ലോകത്തിലേക്ക് പിച്ചവെച്ച് നടക്കുന്ന ‘ഹാഷിം സീരകത്ത്’ എന്ന കവിയുടേതാണ് ഈ വരികൾ. ഒരു മഹാസത്യം വിളിച്ചുപറഞ്ഞ് മുതിർന്നവരുടെ കണ്ണ് തുറപ്പിക്കുന്ന കവിത.
                   അദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹരത്തിലെ ഓരോ കവിതയും വേറിട്ട് നിൽക്കുന്നത്, ആശയത്തിന്റെ തീവ്രത കൊണ്ടാണ്. ‘പേറ്റുനോവറിഞ്ഞ എല്ലാ അമ്മമാർക്കും വേണ്ടി’ സമർപ്പിക്കുന്ന ഈ കവിതാ സമാഹാരത്തിലെ കവിതകൾ ഓരോന്നും ആന്തരികമായ ആശയങ്ങൾ കാരണം പൊള്ളുന്നതും, വായനക്കാരനെ ഏറെ നേരം ചിന്തിപ്പിക്കുന്നതുമാണ്. 

                   കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്ത് താമസിക്കുന്ന ‘ഹാഷിം സീരകത്ത്’ എഴുതിയ 43 കവിതകൾ ഉൾക്കൊള്ളുന്ന ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം 24.10.2010 ന് കണ്ണുരിലെ ‘ബാവാച്ചിഹാളിൽ’ ‌വെച്ച് നടന്നു. ശ്രീ. എം. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രശസ്തകവി ശ്രീ. കുരിപ്പുഴ ശ്രീകുമാർ നൽകിയ കവിതാപുസ്തകം കണ്ണുരിന്റെ കവിയായ മാധവൻ പുറച്ചേരി ഏറ്റുവാങ്ങിയതോടെ ഹാഷിമിന്റെ കവിതയെയും കവിയെയും മലയാളികൾ തിരിച്ചറിയാൻ തുടങ്ങി.
                      പുസ്തകപ്രകാശന ചടങ്ങിൽ അദ്ധ്യക്ഷൻ ശ്രീ രമേശൻ ബ്ലാത്തൂർ ആയിരുന്നു; പുസ്തക പരിചയം നടത്തിയത് ശ്രീ നാരായണൻ കാവുമ്പായി. പി. കെ ശിഹാബുദ്ദീൻ മാസ്റ്റർ, വിനോദ് വെള്ളായിണി, വി. വി. മോഹനൻ, കെ. മനോജ് മാസ്റ്റർ, എന്നിവർ ആശംസാപ്രസംഗം നടത്തി. ഹാഷിം സീരകത്ത് മറുപടി പറഞ്ഞശേഷം ശ്രീ. എൻ. പി. റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

                   ഹാഷിം ഒരു കവിയാണ്, ഉള്ളിൽ കവിതകൾ നിറഞ്ഞിരിപ്പുണ്ട് എന്ന് തിരിച്ചറിയാൻ നമ്മൾ ഏറെ വൈകി എന്ന് ആശംസാപ്രസംഗം നടത്തിയ എല്ലാവരും അഭിപ്രായപ്പെട്ടു. ശ്രീകണ്ഠാപുരത്തെ ഒരു കടയിലിരുന്ന് മധുര പലഹാരങ്ങളും മധുരിക്കുന്ന പഴങ്ങളും വിൽക്കുന്ന, ചെറുപ്പക്കാരനായ ‘ഹാഷിം’ കവിതയുടെ ലോകത്ത് വിഹരിക്കുന്നുണ്ട് എന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞത് ആദ്ദേഹത്തിന്റെ ‘വഴി തെറ്റി വന്നവൻ’ എന്ന കവിതാസമാഹാരത്തിലൂടെയാണ്. അതുവരെ,

‘വ്യതസ്തനാം കവിയായ ഹാഷിമിനെ
സത്യത്തിൽ നമ്മളാരും തിരിച്ചറിഞ്ഞില്ല’
എന്ന സത്യം അദ്ദേഹത്തെ അടുത്തറിയുന്നവരും അദ്ധ്യാപകരും പറഞ്ഞപ്പോൾ സദസ്സിലുള്ളവർ സത്യമായും കരഞ്ഞുപോയി. അനവസരത്തിലുണ്ടായ രോഗം കാരണം ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കാനാവാത്ത  ഹാഷിമിന്റെ ഉള്ളിൽ കവിതയുടെ ഒരു ലോകം ഒളിച്ചിരിപ്പുണ്ടെന്ന് പുസ്തകപ്രകാശനത്തോടെ കണ്ണൂരിലുള്ള സഹൃദയലോകം തിരിച്ചറിയാൻ തുടങ്ങി. 
      ഹാഷിമിന്റെ കവിത വായിച്ച് കവിയെ തിരിച്ചറിയുന്ന നിമിഷം വായനക്കാർ ആശ്ചര്യപ്പെടുകയാണ്. ആദ്യത്തെ കവിത ‘സുഗന്ധം’ നോക്കു,
കാറ്റിന്റെ
കൈകളിൽ
എത്തിയില്ലെങ്കിൽ
ഞാൻ
ഇപ്പോഴും
രഹസ്യമായേനേ.
സുഗന്ധം മറ്റുള്ളവർ അറിയണമെങ്കിൽ അതിന് കാറ്റിന്റെ തലോടൽ വേണം. അതെ, ‘വഴി തെറ്റി വന്നവനെ മറ്റുള്ളവനെ’ തിരിച്ചറിയുന്ന കാറ്റ് ആയി മാറുകയാണ് ഈ പുസ്തകപ്രകാശനം. ശ്രീ കുരിപ്പുഴ ശ്രീകുമാർ ഓരോ കവിതയും വായിച്ച്  പ്രകാശനകർമ്മം നിർവ്വഹിച്ചതോടെ കവിതാലോകത്തേക്കുള്ള ഹാഷിമിന്റെ കടന്നുവരവിനെ എല്ലാവരും സ്വാഗതം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിന്റെ കവിതയാണ് ‘വാഗ്ദാനം’, അതിലെ വരികൾ,
“അയാൾ
ഇവിടെ വന്നത്
അച്ഛനോട് മോൻ പറയരുത്
അമ്മ മോന് തോക്ക്
വാങ്ങിത്തരാം”
“വേണ്ട,
ഞാൻ മൊബൈലിൽ
പിടിച്ച ചിത്രം
കാണിച്ചു കൊടുത്താൽ
അച്ഛനെനിക്ക്
ബോംബ്
വാങ്ങിച്ചു തരും”
                ഹാഷിം ഇനിയും ഏറെദൂരം സഞ്ചരിക്കും, കവിതയിലൂടെ; ചിലപ്പോൾ കഥയിലേക്ക് ചുവടുമാറ്റം നടത്താനും ഇടയുണ്ട്.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ഏതാനും ഫോട്ടോകൾ കൂടി ഇവിടെ പ്രസിദ്ധീ‍കരിക്കുന്നു.

      
         ‘വഴി തെറ്റി വന്നവൻ’ എന്ന് കവിതാ സമാഹരത്തിന്റെ പേരാണെങ്കിലും നമ്മുടെ യുവകവിക്ക് വഴി തെറ്റിയിട്ടില്ല എന്ന് കാലം തെളിയിക്കും. ജീവിതയാത്രയിൽ കവിതാലോകത്ത് ഏറെദൂരം സഞ്ചരിക്കാൻ ‘ഹാഷിം സീരകത്തിന്’ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

October 23, 2010

അറിയില്ല?

 പിറന്നുവീണപ്പോൾ അമ്മ പറഞ്ഞു,
എന്റെ മകൾക്കൊന്നും അറിയില്ല;
കുഞ്ഞിളം കണ്ണുകൾ‌നോക്കി അച്ഛൻ പറഞ്ഞു,
ഇവൾക്കൊന്നും അറിയില്ല;
***
പിച്ചവെച്ച് നടന്നപ്പോൾ ബന്ധുക്കൾ പറഞ്ഞു,
അവൾക്കൊന്നും അറിയില്ല;
കളിവീടുണ്ടാക്കവെ കൂട്ടുകാരൻ പറഞ്ഞു,
നിനക്കൊന്നും അറിയില്ല;
അക്ഷരമോതും‌നേരം ഗുരു പറഞ്ഞു,
ഈ കുഞ്ഞിനൊന്നും അറിയില്ല;
കൂടെപ്പഠിക്കും സഹപാഠികൾ പറഞ്ഞു,
ഇതിനൊന്നും അറിയില്ല;
***
പ്രേമം മൂത്തപ്പോൾ കാമുകൻ പറഞ്ഞു,
ഈ പെണ്ണിനൊന്നും അറിയില്ല;
കല്ല്യാണപ്രായത്തിൽ നാട്ടുകാർ പറഞ്ഞു,
അതിനൊന്നും അറിയില്ല;
കല്ല്യാണം കഴിഞ്ഞപ്പോൾ കണവൻ പറഞ്ഞു,
എന്റെ ഭാര്യക്കൊന്നും അറിയില്ല;
***
പഠിപ്പിച്ചുകൊണ്ടിരിക്കെ ശിഷ്യർ പറഞ്ഞു,
ഈ ടീച്ചർക്കൊന്നും അറിയില്ല;
അമ്മയായപ്പോൾ മക്കൾ പറഞ്ഞു,
ഈ അമ്മക്കൊന്നും അറിയില്ല;
***
അതേ,
എനിക്കൊന്നും അറിയില്ല,
എനിക്കെല്ലാം അറിയാമെന്ന്,
അവർക്കെല്ലാം അറിയാമെന്ന്,
ഒരിക്കലും ഞാൻ അറിഞ്ഞില്ല.
******************* 

October 2, 2010

ജീവിതസായാഹ്നത്തിൽ ഇത്തിരി നർമ്മം

                 ആ അമ്മൂമ്മ അവരുടെ ജീവിതത്തിലാദ്യമായി മൈക്ക് കൈയിൽപിടിച്ച് പാടുകയാണ്. പഴയ ഒരു സിനിമാപാട്ട് കഴിഞ്ഞ് അടുത്തതായി നാടൻ പാട്ടിലെത്തി; എന്നിട്ടും മൈക്ക് കൈമാറാതെ അവർ പണ്ടെങ്ങോ പഠിച്ച കൃഷ്ണഗാഥ പാടുകയാണ്. കേൾക്കാൻ നൂറിലധികം പേരുള്ള ആ സദസ്സിന് കർശ്ശനമായ അച്ചടക്കത്തിന്റെ ചട്ടക്കൂടുകളില്ലാത്തതിനാൽ കേൾവിക്കാരായ, കാണികളായ, പങ്കാളികളായ എല്ലാവരും സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്.
                 പാട്ടുകച്ചേരി കഴിഞ്ഞ മറ്റൊരു മുത്തശ്ശി നേരെ നടന്നെത്തിയത് ആശുപത്രി ജീവനക്കാരിയുടെ സമീപമാണ്. ചെറുപ്പക്കാരിയായ സിസ്റ്ററുമൊത്ത് പാട്ടുപാടി, പിന്നെ അവർ കൈകൊട്ടിക്കളിക്കുകയാണ്. പഴയപാട്ടിന്റെ താളത്തിനൊത്ത് അവർ രണ്ടുപേരും ചുവട് വെക്കുകയാണ്.
                ഇവിടെ ചിലർ സൌഹൃദം പങ്ക്‌വെക്കുന്നു, ചിലർ മനസ്സുതുറന്ന് സംസാരിക്കുന്നു, ചിലർ വേദനകൾ അന്യോന്യം പറഞ്ഞ് ആശ്വാസം നേടുന്നു. അവരെല്ലാം നാട്ടുകാരായ, പരിചയക്കാരായ, അറുപത് കഴിഞ്ഞ വയോജനങ്ങളാണ്. പരാതികളും പരിഭവങ്ങളും മാറ്റിവെച്ച്, മാസത്തിൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ അവർ ഒത്ത്‌ചേരുന്നു. അവരുടെ കൂട്ടത്തിൽ പെൻഷൻ പറ്റിയ അദ്ധ്യാപകരും മറ്റു ഗവണ്മേന്റ് ജീവനക്കാരും തൊഴിലാളികളും വീട്ടമ്മമാരും ഉണ്ട്.
             കണ്ണൂർ ജില്ലയിലെ ‘ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചക്കരക്കല്ല്’ ആസ്ഥാനമായി 2005 ഒക്റ്റോബർ 1ന് ആരംഭിച്ച വയോജനക്കൂട്ടായ്മ ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി. ഓരോ മാസവും ആശുപത്രി പരിധിയിൽ വരുന്ന വയോജനങ്ങൾ ഒരു ദിവസം രാവിലെ ഒത്തുചേരുന്നു; മിക്കവാറും മൂന്നാമത്തെ വ്യാഴാഴ്ച. ആ ദിവസം മറക്കാതെ ഇവിടെ എത്തിച്ചേരുന്നത് അധികവും സ്ത്രീജനങ്ങളാണ്. മക്കളെല്ലാം ജോലിക്കും പേരമക്കൾ സ്ക്കൂളുകളിലും പോയനേരത്ത് പത്ത് മണിയായാവുമ്പോൾ ഒറ്റയ്ക്കും കൂട്ടുചേർന്നും സമീപമുള്ളവർ നടന്ന് വരുമ്പോൾ ധാരാളം‌പേർ ബസ്സിൽ വന്നിറങ്ങും. പിന്നെ ഉച്ചവരെ ആശുപത്രിയിലെ ഒരു പ്രത്യേക ഹാളിൽ ഒത്തുകൂടി അവരുടേതായ ലോകത്ത് വിഹരിക്കുകയാണ്.
             അങ്ങനെ മാസത്തിൽ ഒരു ദിവസം ഇവിടെയെത്തുന്ന വയോജനങ്ങൾക്ക് അവിടെയുള്ള ഡോക്റ്റർമാരുടെ സേവനത്തോടൊപ്പം സൌജന്യമായി മരുന്നുകളും ലഭിക്കും. ശരീരഭാരം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കും. ഒപ്പം സാമൂഹ്യ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച, വിവിധയിനം ക്യാമ്പുകൾ, ആരോഗ്യബോധവൽക്കരണ പരിപാടികൾ, അനുഭവങ്ങൾ പങ്ക് വെക്കൽ, നർമ്മ സംഭാഷണങ്ങൾ, പാട്ട്‌പാടൽ, കൈകൊട്ടിനോടൊപ്പം പൊട്ടിച്ചിരിക്കൽ,  വയോജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവയും നടത്തിവരുന്നു. ഉച്ചവരെയുള്ള ആ ഒത്തുചേരലിനോടൊപ്പം എല്ലായിപ്പോഴും ലഘുഭക്ഷണം കൂടി ഉണ്ടാവും. 
               ഇവ കൂടാതെ വിപുലമായ വാർഷികപരിപാടിയോടൊപ്പം വയോജനങ്ങൾ പങ്കാളിയാവുന്ന പലതരം മത്സരങ്ങളും  നടത്താറുണ്ട്. പ്രധാനപ്പെട്ട ഇനമാണ് സുന്ദരിക്ക് പൊട്ടുകുത്തൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായ ഈ മത്സരം വളരെ രസകരമാണ്.
                       അതുപോലെ ഓർമ്മിച്ചുപറയൽ, ഊഹിച്ചുപറയൽ, അന്താക്ഷരി എന്നീ മത്സരങ്ങളും പൊതുവായിട്ടുള്ളതാണ്. ഒരുപിടി പയർ‌വിത്ത് ഒരു സ്ഥലത്ത്‌വെച്ച്, അത് നോക്കി എണ്ണം ഊഹിച്ചു പറയുക. എല്ലാവരും സംഖ്യ പറഞ്ഞശേഷം എണ്ണിനോക്കിയാൽ കൃത്യം എണ്ണമോ അതിനടുത്ത എണ്ണമോ പറയുന്നവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥനങ്ങൾ നൽകി സമ്മാനം കൊടുക്കുന്നു. ഇവിടെ നടക്കുന്ന അന്താക്ഷരി മത്സരത്തിൽ അനേകം സിനിമാഗാനങ്ങൾ ആലപിക്കുന്നു.
            വയോജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിയാണ് കസേരകളി‌(Musical chair) 
ആദ്യം സ്ത്രീകളുടെ കസേരക്കളിയാണ്; പങ്കെടുക്കാൻ ധാരാളം പേരുണ്ട്.


               അടുത്തതായി പുരുഷന്മാരുടെ കളിയാണ്; കാണികൾ കൂടുതലാണെങ്കിലും പങ്കാളികൾ അല്പം കുറവാണ്.

                     അങ്ങനെ മാസത്തിൽ ഒരു ദിവസം അറുപത് കഴിഞ്ഞവർ  വീട്ടിൽ‌നിന്ന് പുറത്തിറങ്ങി ഒത്തുചേർന്ന് പാടുകയും ആടുകയും ചെയ്തശേഷം, ഏതാണ്ട് പത്ത് വയസ്സ് കുറഞ്ഞ ശരീരവും മനസ്സും ആയിമാറി അവർ തിരികെ വീട്ടിലെത്തുന്നു.