“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

April 22, 2011

കണ്ണൂർ കോട്ടയും അമ്മത്തൊട്ടിലും

       അവിചാരിതമായി അപൂർണ്ണമായ ഒരു യാത്ര,,, കണ്ണൂർ കോട്ടയിലേക്ക്,,,
തിരിച്ചുവരുന്ന വഴിയിൽ കണ്ടത്,,,,,
നൊന്തുപെറ്റ മക്കളെ തെരുവിൽ വലിച്ചെറിയാൻ തയ്യാറായവർക്ക്
അവരെ ജീവിതത്തിലേക്ക് തള്ളിവിടാനായി,,
അവസാനത്തെ ആശ്രയം,
അമ്മത്തൊട്ടിൽ

                           കണ്ണൂർ ജില്ലാ ആശുപത്രിയിൽ‌ ഒരു ശസ്ത്രക്രീയക്ക് ശേഷം വിശ്രമിക്കുന്ന ബന്ധുവിനെ സന്ദർശ്ശിച്ച് പുറത്തിറങ്ങിയപ്പോൾ സമയം 5.30 pm. ഞാൻ മാത്രമല്ല, കൂടെ ഭർത്താവും ഉണ്ട്. അതുകൊണ്ട് പെട്ടെന്നൊരു തോന്നൽ,,,
കണ്ണൂർ കോട്ടയിലേക്ക് പോയാലോ?
‘അവിടെ സന്ദർശ്ശനസമയം ആറ് മണിവരെ ആയിരിക്കും’ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചടിച്ചു,
“ആറ് മണി എന്നത് ശരിയായിരിക്കാം, അതിനു മുൻപ് അകത്തുകയറിയാൽ പിന്നെ നമ്മുടെ സൌകര്യം‌പോലെ പുറത്തിറങ്ങിയാൽ മതിയല്ലോ”
കെട്ടിയവൻ പറയുന്നതിന് മറുവാക്ക് പറയാനറിയാത്ത ഞാൻ(?) പിന്നീടൊന്നും പറഞ്ഞില്ല. അങ്ങനെ ഓട്ടോ വരുന്നതും കാത്ത് ഞങ്ങൾ നിന്നു,,, അഞ്ച് മിനിട്ട്. 
ഒടുവിൽ ഓട്ടോ നിർത്തിയപ്പോൾ നല്ലവനായ ആ ഓട്ടോഡ്രൈവർ പറഞ്ഞു,
“അങ്ങോട്ട് വണ്ടി പോകില്ല, നേരെയങ്ങ് അഞ്ച് മിനിട്ട് നടന്നാൽ മതി”
 അങ്ങനെ സായാഹ്ന സൂര്യരശ്മികളെറ്റ് ഞങ്ങൾ കോട്ടയും തേടി നടന്നു. 
                 പട്ടാളക്കാരുടെ പരേഡ് ഗ്രൌണ്ടൊക്കെ നോക്കി നടന്ന്‌കഴിഞ്ഞപ്പോൾ കണ്ണൂർകോട്ട ‘സെന്റ് ആഞ്ചലോസ് ഫോർട്ട്’ എന്ന പേര് കണ്ണിലുടക്കി. കണ്ണൂരിൽ ജീവിച്ച, മുൻപ് മൂന്ന് തവണ കോട്ട സന്ദർശ്ശിച്ച എനിക്ക്, അപ്പോൾ മാത്രമാണ് ഒരു കാര്യം മനസ്സിലായത്, ‘ഈ കോട്ട എന്നത് കണ്ണൂർ ജില്ലാ ആശുപത്രിയുടെ തൊട്ടരികിലാണെന്ന്’.
  
                           കോട്ടയുടെ കാവാടത്തിൽ എത്തിയപ്പോൾ അവിടെയുള്ള അറിയിപ്പ് ഞങ്ങളെ നിരാശപ്പെടുത്തി, സന്ദർശ്ശനസമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം. പിന്നെന്തിന് അകത്തുകയറണം? ഞങ്ങൾ മുഖത്തോട് മുഖം നോക്കി,
“ഏതായാലും കയറാം, അകത്ത്‌കയറിയാൽ പുറത്താക്കാൻ ആരു വരാനാണ്?”
                           ഭർത്താവ് പറയുന്നത് കേട്ട് അല്പം ചമ്മലോടെയും അല്പം ധൈര്യത്തോടെയും അദ്ദേഹത്തെ അനുഗമിച്ച് അകത്തുകയറി. വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥികളെയും കൂട്ടി വന്നപ്പോൾ കാണുന്ന കണ്ണൂർ കോട്ടയല്ല ഇപ്പോഴെത്തെ കോട്ട. പത്ത് നൂറ് പിള്ളേരുടെ കൂടെ കോട്ടയിൽ വന്നാൽ ‘കുഞ്ഞാടുകളിൽ ആരെങ്കിലും കൈവിട്ട് പോകുമോ’ എന്ന പേടികാരണം മര്യാദക്ക് കോട്ട നോക്കി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കോട്ടക്കകം സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ തരത്തിൽ വളരെ മനോഹരമായി വൃത്തിയിൽ സൂക്ഷിച്ചിരിക്കയാണ്.
ഇതുപോലുള്ള ചെടികൾ ധാരാളം ഉണ്ട്
പല നിറങ്ങളിലുള്ള പൂക്കൾ
എത്രയേറെ പൂക്കൾ
ഇത് നമ്മുടെ നാടൻ, നിത്യകല്യാണി
കണ്ണൂരിലുള്ളവർക്ക് ഇതാണ് ചെമ്പകം, പൂരത്തിന് കാമന്റെ ഇഷ്ടപുഷ്പം
 നടപ്പാതകളുടെ പരിസരത്തെല്ലാം ധാരാളം ചെടികളും പൂക്കളും,,, ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങി.
 അങ്ങനെ ചുറ്റിനടന്ന് അറബിക്കടലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാൻ നേരത്താണ് മണിമുഴങ്ങിയത്,,,
സമയം ആറ്‌മണി.
ഇത് എന്റെ ഒരേയൊരു ഭർത്താവ്, അല്പം ദേഷ്യത്തിലാണ്
ഇത് ഞാൻ തന്നെയാ, എങ്ങനെയുണ്ട്
 അവർ മണിയടിച്ചിട്ടും ഞങ്ങൾ മൈന്റ് ചെയ്തില്ല,
അപ്പോഴേക്കും അതാവരുന്നു,,, കോട്ടയുടെ സംരക്ഷകർ.
അയാൾ വിസിലടിച്ച് എല്ലാവരോടും വെളിയിൽ പോകാൻ പറയുകയാണ്. വെറും പത്ത്മിന്‌ട്ട് സമയം മാത്രം ലഭിച്ചപ്പോൾ എന്നാലാവുന്ന ഫോട്ടോകൾ ഞാനെടുത്തു. 
കുതിരലായമാണെന്നും തടവറയാണെന്നും പറയുന്ന നീണ്ട ഇടനാഴി
പുറത്തിറങ്ങിയപ്പോൾ കാണുന്ന ദൃശ്യം
 എന്നാൽ കോട്ടയുടെ ചരിത്രപ്രാധാന്യമുള്ള ഒന്നും‌തന്നെ കാണാനോ ഫോട്ടോ എടുക്കാനോ കഴിഞ്ഞില്ല. ഞങ്ങളെപ്പോലെ വെളിയിൽ പോകാതെ ചുറ്റിയടിക്കുന്ന ധാരാളം പാർട്ടികൾ ഉണ്ട്. ചിലർ കടൽക്കാറ്റേറ്റ് സ്വയം മറന്നിരിക്കുന്നു. ചില യുവമിഥുനങ്ങൾ വിവാഹ ആൽബത്തിന്റെ അവസാനത്തെ അദ്ധ്യായം ഷൂട്ട് ചെയ്യാൻ ക്യാമറക്കാരും ബന്ധുക്കളുമായി വന്നവരാണ്. കോട്ടയുടെ മുള്ളാണികൾ തറപ്പിച്ച ആ വലിയ കവാടം പൂർണ്ണമായി അടക്കുന്നതിന് മുൻപ് ഞങ്ങളോടൊപ്പം മറ്റ് സന്ദർശ്ശകരും പുറത്താക്കപ്പെട്ടു.
അപ്പോൾ ഭർത്താവിന്റെ വക കമന്റ്,
“നമ്മുടെ കണ്ണൂരിലെ കോട്ടയല്ലെ, ഒരു നല്ലദിവസം നോക്കി നേരത്തെ വരാമല്ലോ”
പുറത്തിറങ്ങിയപ്പോൾ അടഞ്ഞ കോട്ടവാതിലിന്റെയും ചരിത്രസ്മാരകമായ പീരങ്കിയുടെയും ഫോട്ടോ കൂടി എടുത്തു.
നമുക്ക് പിന്നിൽ അടഞ്ഞ കോട്ടവാതിൽ
കൊട്ടവാതിലിന് സമീപം തന്നെ അവൻ വിശ്രമിക്കുന്നുണ്ട്, പീരങ്കി
ഒരുകാലത്ത് കടൽ‌ജലം ഒഴുകിയിരുന്ന, കോട്ടയെ വേർതിരിക്കുന്ന തോട്
പൂക്കൾ നിറഞ്ഞ അരളി
                      പാലം കടന്ന് വെളിയിൽ എത്തിയപ്പോഴാണ് സമുദ്രവിഭവങ്ങളായ ഞണ്ട്, കല്ലുമ്മക്കായ, കൂന്തൽ, ചെമ്മീൻ ആദിയായവ വില്പന നടത്തുന്ന ചെറിയ കട, 'Sea Food Court' കണ്ടത്. 
അതും അടച്ചു പൂട്ടുകയാണ്
                 അവിടെയും 6മണി നിയമം ബാധകമായതിനാൽ നേരത്തെ കയറിക്കൂടിയവർ കൂന്തൽ പാകം ചെയ്തതിന്റെ ചട്ടി തുടക്കുകയാണ്. പുറമെ ഒരു ഗെയ്റ്റ് കൂടിയുണ്ട്. അവിടെയുള്ള ഗെയ്റ്റ്മാൻ വിളിച്ച് പറയുകയാണ്,,, പുറത്തുപോകാൻ,,
അവർ കടയടക്കുന്നതിനിടയിൽ നിരാശയോടെ കൊതിമൂത്ത ഞങ്ങളും പുറത്ത് കടന്നു.
 തിരിയെ നടക്കുമ്പോൾ അസ്തമയസൂര്യൻ എന്നെനോക്കി പരിഹസിക്കുന്നതിന്റെ ഫോട്ടോ എടുക്കാൻ മറന്നില്ല.
ജില്ലാ ആശുപത്രി ബസ്‌സ്റ്റാന്റിൽ എത്തിച്ചേർന്ന് നാട്ടിലേക്കുള്ള ബസ്സിൽ കയറണം. വന്ന വഴിയെ തിരിച്ചുനടക്കുമ്പോഴാണ് എനിക്കൊരു ആഗ്രഹം ഉണ്ടായത്. ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ?

                         കോട്ടയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ പിൻ‌വശത്തായി അമ്മത്തൊട്ടിലിന്റെ ബോർഡും കവാടവും കണ്ടതാണ്. സന്ധ്യാനേരമായതിനാൽ പരിസരത്ത് അധികം ആളുകൾ ഇല്ലെങ്കിലും നേരെയൊരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മുന്നിൽ ഒരു ബൈക്ക്. 

സമീപത്ത് നിൽക്കുന്ന പരിസരവാസിയായ കടയുടമ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പറഞ്ഞുതന്നു. വാതിൽ തുറന്ന് അകത്ത് കടന്നാൽ തൊട്ടിൽ ഉള്ള ഭാഗം തുറന്നുവരുമെന്ന് പറഞ്ഞപ്പോൾ അകത്ത് കടന്ന് ആ തൊട്ടിലിന്റെ ഫോട്ടോ എടുത്താലോ എന്നൊരു ചിന്ത എനിക്കുണ്ടായി. പുറത്ത് നിന്ന് സൌകര്യപ്രദമായ ഒരു ഫോട്ടോകൂടി എടുത്തതിനുശേഷം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
വാതിലും ജനാലയും ഗ്ലാസ്സ് ആണെങ്കിലും ഉൾവശം കാണാനാവില്ല
                       ഞാൻ ഉള്ളിൽ പ്രവേശിച്ച ആ നിമിഷം മുറിയിൽ പ്രകാശം പരന്നു, ഒപ്പം ശബ്ദത്തോടെ തൊട്ടിലുള്ള ഭാഗം തുറന്നു. തുടർന്ന് ഒരു പ്രത്യേക അറിയിപ്പ് എന്റെ ചെവികളിൽ പതിച്ചു, “ഒരു നിമിഷം ചിന്തിക്കൂ, നൊന്തുപെറ്റ കുഞ്ഞിനെയാണ് ഇവിടെ ഉപേക്ഷിക്കാൻ പോകുന്നത്. നിങ്ങൾ ഈ കുഞ്ഞിന്റെ അമ്മയാണ്. ഇത് നിങ്ങളുടെ രക്തത്തിൽ‌പിറന്ന കുഞ്ഞാണ്……
ബാക്കി കേൾക്കുന്നതിനു മുൻപ് തയ്യാറാക്കി വെച്ച ക്യാമറകൊണ്ട് തൊട്ടിൽ ക്ലിക്ക് ചെയ്ത് പെട്ടെന്ന് പുറത്തിറങ്ങി.
                  പുറത്തിറങ്ങിയപ്പോൾ ആകെ ഒരു ഭയം,, അമ്മത്തൊട്ടിൽ കാണാനായി അകത്തുകടന്നത് അതിക്രമം ആയോ? അകത്ത് ആള് പ്രവേശിച്ച വിവരം ആശുപത്രിയിൽ അറിഞ്ഞിരിക്കുമോ?

എനിക്ക് സംശയങ്ങൾ കൂടുകയാണ്,,,
                    നമ്മുടെ ജില്ലാ ആശുപത്രിയിൽ ഇങ്ങനെയൊരു സംവിധാനം ഉള്ളതുകൊണ്ട് കുഞ്ഞുങ്ങൾ രക്ഷപ്പെടുമോ? ജീവിക്കാൻ ഭാഗമുള്ള കുഞ്ഞുങ്ങൾക്ക് അമ്മത്തൊട്ടിലിന്റെ ആവശ്യം വരുമോ?
ഇപ്പോഴെത്തെ കാലഘട്ടത്തിൽ അത്യാവശ്യമുള്ളത് മറ്റൊന്നാണ്,,,
ഒരു അമ്മൂമ്മത്തൊട്ടിൽ,,,
ഒരു അപ്പൂപ്പൻതൊട്ടിൽ,,,
അവരെയാണല്ലോ പലരും ഉപേക്ഷിക്കുന്നത്!!!

April 10, 2011

വിലയേറിയ ഒരു ‘വൊട്ട്’

                         കണ്ണൂർ ജില്ലയുടെ വടക്കൻ‌മേഖലയിൽ, സാംസ്ക്കാരികമായും സാമൂഹ്യപരമായും ഉന്നതനിലവാരമുള്ള ഒരു ഗ്രാമത്തിലെ ഹൈസ്ക്കൂൾ. അവിടെയാണ് വർഷങ്ങൾക്ക് മുൻപ് പി.എസ്.സി കനിഞ്ഞനുഗ്രഹിച്ച നേരത്ത്, അദ്ധ്യാപന സർവ്വീസിൽ കയറിപ്പറ്റിയത്. ജോലി ലഭിച്ച ഉടനെ ആയതിനാൽ, ആവേശം‌മൂത്ത് സിലബസിലുള്ളതിനെക്കാൾ കൂടുതൽ പഠിപ്പിക്കുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന ഒരു കാലം.

ജോലിയിൽ പ്രവേശിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അതാ വരുന്നു,,,
നിയമസഭാ തെരഞ്ഞെടുപ്പ്.
                        വോട്ടുള്ളവർക്ക് മാത്രമല്ല, വോട്ടില്ലാത്ത കുട്ടികൾക്കും തെരഞ്ഞെടുപ്പ് ‘പനി’ പിടിപെട്ട്, ചൂട് വർദ്ധിക്കാൻ തുടങ്ങി. (അന്ന് വോട്ട് ചെയ്യാൻ വയസ്സ് 21 ആവണം) നേതാക്കൾക്കും പൊതുജനങ്ങൾക്കും, നമ്മുടെ കേരളത്തിൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പ് എന്നൊരു ചിന്ത മാത്രം. സമ്മതിദാനം പെട്ടിയിലാക്കേണ്ട ചുമതല അദ്ധ്യാപകരുടേത് കൂടിയായതിനാൽ, അക്കാലത്ത് ഞങ്ങൾ എല്ലാവരും അതിനു തയ്യാറാണ്. (ഇന്ന് സർക്കാർ ജീവനക്കാരിൽ പലരും ഈ ഡ്യൂട്ടി ഭയപ്പെടുന്നുണ്ട്) രാഷ്ട്രീയ ആവേശം നാട്ടുകാർക്ക് മാത്രമല്ല, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടിയുണ്ട്. അങ്ങനെ തെരഞ്ഞെടുപ്പിന്റെ ചൂട് വർദ്ധിച്ച് വർദ്ധിച്ച് തർമ്മോമീറ്ററിന്റെ മുകളറ്റം പൊട്ടിച്ച്, രസം പുറത്ത്‘ചാടുന്ന’ കാലം.

                           സ്ഥനാർത്ഥികൾ വീടുകൾ‌തോറും കയറിയിറങ്ങുന്ന ക്രമത്തിൽ വിദ്യാലയങ്ങളിലും മറ്റുള്ള പൊതുസ്ഥാപനങ്ങളിലും കയറിയിറങ്ങാറുണ്ട്. അവർക്ക് കിട്ടിയാലൊരു വിലയേറിയ വോട്ട്, പോയാലൊരു വെറുംവാക്ക്. നമ്മുടെ ഹൈസ്ക്കൂളിൽ വരുന്നവരെ സ്വീകരിക്കാനും പരിചയപ്പെടുത്താനും അദ്ധ്യാപകർ തന്നെ മുന്നിലുണ്ടാവും. ഏത് പാർട്ടി വന്നാലും കൊടിയുടെ നിറവും ഡിസൈനും നോക്കാതെ അദ്ധ്യാപകരെല്ലാം അവരെ സ്വീകരിക്കും. പിന്നീട് സ്റ്റാഫ്‌റൂമിൽ വന്ന് നേതാവിന്റെ വക ചെറിയ ഒരു പ്രസംഗത്തിനുശേഷം വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. ജയിച്ചതിനുശേഷം സ്ക്കൂളിനുവേണ്ടി ചെയ്യാൻ‌പോകുന്ന ‘സംഭവങ്ങളുടെ’ ഒരു ലിസ്റ്റ് മുന്നിൽ‌നിരത്തി ഞങ്ങളെ പ്രലോഭിപ്പിക്കും. തുടർന്ന് അദ്ധ്യാപകരെല്ലാം അപ്പോൾ വന്ന അവർക്ക് വോട്ട് ചെയ്യാമെന്ന് ഉറപ്പ് നൽകും. ആരും എതിര് പറയാത്തതിനാൽ സന്തോഷപൂർവ്വം നെതാവ് സ്ക്കൂൾ വിട്ട് അടുത്ത സൈറ്റിലേക്ക് പോകും.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ്,
അതാ എന്റെ സ്ക്കൂളിൽ വരുന്നു 
ഒരു സ്ഥാനാർത്ഥി
ഒറിജിനൽ സ്ഥാനാർത്ഥി,,, കൂടെ നാലഞ്ച് അകമ്പടിക്കാരും
                         സ്റ്റാഫ്‌റൂമിൽ കടന്നുവന്ന സ്ഥാനാർത്ഥിയെ അദ്ധ്യാപകരിൽ ചിലർ സ്വീകരിച്ചാനയിച്ച് മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. ഭാവി MLA ആവുമെന്ന് പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരൻ മുഖത്ത് ഉഗ്രൻ ചിരി ഫിറ്റ് ചെയ്ത് എല്ലാവരെയും കൈകൂപ്പി വണങ്ങിയശേഷം ലഘുവായ ഒരു പ്രസംഗം നടത്തി. അതിവിദൂരമല്ലാത്ത ഭാവിയിൽ നമ്മുടെ വിദ്യാലയത്തിന് കൈവരാൻ പോകുന്ന നേട്ടങ്ങളുടെ ശ്രേണികൾ,,, 
അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ രോമാഞ്ചമണിഞ്ഞു.
                           പ്രസംഗത്തിനുശേഷം അദ്ദേഹം അദ്ധ്യാപകരുടെ സമീപം വന്ന് കൈകൂപ്പിക്കൊണ്ട് വോട്ടിന് അഭ്യർത്ഥിക്കാൻ തുടങ്ങി. അങ്ങനെ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥിക്ക്, അദ്ദേഹത്തിന്റെതായ ചിഹ്നത്തിൽ വോട്ട് ചെയ്യാമെന്ന് ഓരോരുത്തരായി ഉറപ്പ് നൽകിയപ്പോൾ നമ്മുടെ സ്റ്റാഫ്‌റൂമിൽ സന്തോഷം അലതല്ലി.

                           സ്ഥാനാർത്ഥി പുരുഷന്മാരുടെ ഊഴം കഴിഞ്ഞ് സ്ത്രീകളുടെ സമീപത്ത് വന്നു. അദ്ദേഹം വോട്ട് അഭ്യർത്ഥിക്കാനായി സമീപത്ത് വരുമ്പോൾ‌തന്നെ അദ്ധ്യാപികമാർ എഴുന്നേറ്റ് കൈകൂപ്പി.  അങ്ങനെ ഏറ്റവും ഒടുവിലാണ് എന്റെ സമീപം വന്നത്. ഏറ്റവും ഒടുവിൽ അവിടെ ചേർന്നതും ഏറ്റവും പ്രായം കുറഞ്ഞതിനാലും, ഏറ്റവും ഒടുവിലാണ് എന്റെ സ്ഥാനം; മാത്രമല്ല ക്ലാസ്സ്‌ചാർജ്ജും. സ്ഥാനാർത്ഥി ചിരിച്ച്‌കൊണ്ട് എന്നോട് പറഞ്ഞു,
“ടീച്ചറെ എല്ലാവരും എനിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞു, നിങ്ങളും എനിക്ക് വോട്ട് ചെയ്യണം”
“ഇല്ല, ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യില്ല”
പെട്ടെന്ന് രംഗമാകെ കലങ്ങിമറിഞ്ഞു,
അതുവരെ എല്ലാവരുടെയും മുഖത്ത് കാണപ്പെട്ട ചിരി ഒന്നിച്ച് മായാൻ തുടങ്ങി,,,
അന്തരീക്ഷം ആകെ മഴക്കാർ മൂടി നിശബ്ദം.

                           ദീർഘനാളത്തെ പൊതുജനസേവനത്തിനിടയിൽ ‘നിങ്ങൾക്ക് വോട്ട് ചെയ്യില്ല’ എന്നൊരു വാക്ക് നേരിട്ട് കേട്ടപ്പോൾ സ്ഥാനാർത്ഥിയെക്കാൾ ഞെട്ടിയത്, കൂടെയുള്ള ചെറുതും വലുതുമായ നേതാക്കളായിരിക്കാം. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഏറ്റവും പിന്നിൽ‌നിന്ന, ഇത്തിരി പ്രായം‌കൂടിയ ഒരു വ്യക്തി മുന്നിൽ വന്ന് എന്നോട് പറഞ്ഞു,
“അതെന്താ ടീച്ചറെ അങ്ങനെ പറഞ്ഞത്?”
“നിങ്ങളുടെ സ്ഥാനാർത്ഥിക്ക് ഞാൻ വോട്ട് ചെയ്യില്ല’, എന്നാണ് പറഞ്ഞത്,”
“വോട്ട് ചോദിക്കാനുള്ള അവകാശം സ്ഥാനാർത്ഥികൾക്ക് ഉണ്ട്. എന്നാലും ഈ ഇലൿഷൻ‌സമയത്ത് സ്ഥാനാർത്ഥിയോട് ‘വോട്ട് തരില്ല’ എന്ന് നേരിട്ട് പറഞ്ഞത് അത്ര ശരിയായില്ല”

                           അവർക്കാകെ ഒരു വല്ലായ്മ, എന്തോ അരുതാത്തത് സംഭവിച്ചമട്ടിൽ അവരെല്ലാം അന്യോന്യം നോക്കി. ആ നേരത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നമ്മുടെ സീനിയർ അസിസ്റ്റന്റ് മുന്നിൽ‌വന്ന് അവരോട് പറയാൻ തുടങ്ങി,  
“ഈ ടീച്ചർ നിങ്ങൾക്ക് വോട്ട് ചെയ്യില്ല,,, വെറുതെ എന്തിനാ വോട്ട് ചോദിച്ചത്?”
അവർ ആശ്ചര്യപ്പെട്ട് നിൽക്കെ മാസ്റ്റർ ബാക്കികൂടി പറഞ്ഞു,
“ടീച്ചർ വോട്ട് ചെയ്യേണ്ടത് ഇവിടെ നിങ്ങൾക്കോ നിങ്ങളുടെ എതിർ സ്ഥാനാർത്ഥിക്കോ അല്ല, അവരുടെ വോട്ട് കണ്ണൂർ ജില്ലയിൽ മറ്റൊരു മണ്ഡലത്തിലാണ്”
അപ്പോഴുണ്ടായ കൂട്ടച്ചിരിക്കിടയിൽ സ്ഥാനാർത്ഥി പറഞ്ഞു,
“വോട്ട് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ടീച്ചർ ഇത്രയും അകലെനിന്ന് വരികയാണെന്ന് ഞാൻ അറിഞ്ഞില്ല. ഇവിടെയുള്ള അദ്ധ്യാപകരെല്ലാം ഇവിടത്തുകാരാണെന്ന് ചിന്തിച്ചുപോയി”